പ്രവാസികളുടെ മടങ്ങി വരവും പുനരധിവാസവും
പ്രവാസികളുടെ മടങ്ങി വരവും പുനരധിവാസവും എന്ന ആശയത്തെ അടിസ്ഥാനമാക്കി ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. രംഗപ്രവേശം ചെയ്തിട്ട് നാലഞ്ചു മാസം കഴിഞ്ഞിട്ടും കൊറോണ വൈറസ് എന്ന മഹാമാരി ലോകമെമ്പാടും അതിന്റെ രാക്ഷസ താണ്ഡവം തുടരുകയാണ്. ചുരുക്കം ചില രാജ്യങ്ങളില്‍ ഗണ്യമായ കുറവ് ഉണ്ടായെങ്കിലും അവരും രണ്ടാം വ്യാപനം ഉണ്ടാകുമോ എന്നപേടിസ്വപ്നത്തില്‍ കഴിയുന്നു. മഹാമാരി എപ്പോള്‍ അഫ്രിക്കന്‍ രാജ്യങ്ങളില്‍ പിടി മുറുക്കുമെന്ന് ലോകരോഗ്യസംഘടന തന്നെ പകച്ചു നില്കുന്നു. നമ്മുടെ രാജ്യത്തെ സ്ഥിതിയും വളരെ സങ്കീര്‍ണമായി തുടരുകയാണ്.
വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം ജനങ്ങള്‍ ഇതിനകം തന്നെ കേരളത്തിലേക്ക് എത്തിക്കഴിഞ്ഞു. ഈ വരവ് കുറേക്കാലം കൂടി തുടരാനാണ് സാദ്ധ്യത . ഇതില്‍ത്തന്നെ വിദേശത്തുനിന്ന് തിരിച്ചുവന്നവരില്‍ ഉദ്യോഗസ്ഥർ (Professionals) ഒഴികെയുള്ള ബിസിനസ്സുകാർ (Businessmen),വിദഗ്ദ്ധ തൊഴിലാളികൾ (Skilled Workers), അവിദഗ്ദ്ധ തൊഴിലാളികൾ (Unskilled Workers) എന്നിവര്‍ ഇനി ഒരു തിരിച്ചുപോക്കിന് സാദ്ധ്യതയോ, താല്പര്യമോ ഇല്ലാത്ത ഗണത്തില്‍ പെട്ടവര്‍ തന്നെ. അതുകൊണ്ടുതന്നെ ഇവരുടെ പുനരധിവാസം നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്ക് വളരെ നിര്‍ണായകമാണ്. അല്ലെങ്കില്‍ പുരോഗതിയെ പ്രതികൂലമായി ബാധിക്കും. കേരളം പോലെയൊരു ചെറിയ സംസ്ഥാനത്തിന് എളുപ്പത്തില്‍ താങ്ങാന്‍ കഴിയാവുന്ന ഒരു ആഘാതല്ല ഇത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടമായി തിരിച്ചുവന്നവരും കേരളത്തില്‍ തന്നെ ഉണ്ടായിരുന്ന തൊഴില്‍ നഷ്ടമായവരും ഇനി ഉണ്ടാകുവാന്‍ പോകുന്ന തൊഴിലവസരങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുമെന്ന് സംശയമില്ല. അവര്‍ക്ക് ശമ്പളത്തിൽ ചെറിയ ഒത്തുതീര്‍പ്പ് ചെയ്താല്‍ മതിയാകും. ഇങ്ങനെ വരുമ്പോള്‍ വിദേശത്തുനിന്ന് തിരിച്ചുവന്നവര്‍ കൂടുതലും സ്വയം സംരംഭകത്വം എന്ന ആശയത്തില്‍ ചുവടുവെക്കാന്‍ താല്പര്യപ്പെടും. അതിലേക്കു കടക്കുന്നതിനു മുൻപ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.
കാലങ്ങളായി ഉള്ള വിദേശവാസം നിര്‍ത്തി നാട്ടിലേക്കു വരുന്നത് തന്നെ വളരെയേറെ ബുദ്ധിമുട്ടി എടുക്കുന്ന ഒരു തീരുമാനമാണ്. ഇതില്‍ ആസൂത്രിതമായ തിരിച്ചുവരവാണ് (planned repatriation) എങ്കില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ല കാരണം അങ്ങനെ വരുന്നവര്‍ ഒരു വിധമെങ്കിലും കണക്കുകൂട്ടിയാകും പുറപ്പെടുക. ഇപ്പോള്‍ ഉണ്ടായിരുക്കുന്നത് അപ്രതീക്ഷിത നിര്‍ബന്ധിത തിരുച്ചുവരവാണ് (unplanned & forced exit). ഇവരുടെ പ്രശ്നങ്ങള്‍ കുറച്ച് സങ്കീര്‍ണമായിരിക്കും. തിരിച്ചു വരുന്നവർ നേരിടുന്ന പ്രശ്നങ്ങൾ മാനസികം, സാമ്പത്തികം, ആരോഗ്യം ഇങ്ങിനെ നീളും പട്ടിക. മാനസികമായി പൊരുത്തപ്പെടുക എന്നതാണ് ഇതിൽ പരമപ്രധാനം. ഉദാഹരണം ചില സാധനങ്ങളുടെ വിലയില്‍ത്തന്നെ പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. അവിടങ്ങളില്‍ അത്യാവശ്യ സാധനങ്ങള്‍ ഡോളര്‍ മൂല്യവുമായി സ്ഥിരതയില്‍ ആണ്.
സാമ്പത്തിക കാര്യങ്ങളിലെ ചര്‍ച്ചയിലേക്ക് കടക്കാം. നമ്മുടെ ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക കാര്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുന്നതില്‍ (തുറന്നു പറയുന്നതില്‍) ഒരു പ്രത്യേക മടി പൊതുവേ കാണുന്നതാണ്. അസുഖം വന്നാല്‍ ഡോക്ടറെയും, കേസില്‍ പെട്ടാല്‍ വക്കീലിനേയും, കെട്ടിടം പണിയാന്‍ ഇൻജിനീയറെയും കാണുന്ന നാം പക്ഷെ സാമ്പത്തിക കാര്യം വരുമ്പോള്‍ “എല്ലാം എനിക്കറിയാം” എന്ന മനോഭാവുമായി മുന്നോട്ട് പോകുന്നു. എന്നാല്‍ ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ അഭിപ്രായം ആരായുന്നതില്‍ താല്പര്യം കാണിക്കാറില്ല. സമീപ കാലത്തില്‍ വളരെ ചെറിയ രീതിയിലെങ്കിലും ഈ മനോഭാവത്തില്‍ മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഈ മേഖലയില്‍ ഉള്ളവരെ ഫിനാന്‍ഷിയല്‍ കണ്സള്‍ട്ടന്റ്റ്, ഫിനാന്‍ഷിയല്‍ പ്ലാന്നര്‍, വെല്‍ത്ത് മാനേജര്‍, വെല്‍ത്ത് ക്രിയേറ്റര്‍ എന്നൊക്കെ പറയാറുണ്ട്.
അപ്രതീക്ഷിത തിരിച്ചുവരവായതിനാല്‍ സാമ്പത്തിക കണക്കുകൂട്ടലുകള്‍ തെറ്റുവനാണ് കൂടുതല്‍ സാദ്ധ്യത . വീട് പണി നടക്കുന്നുണ്ടാവാം, ഫ്ലാറ്റിനു കുറെ തുക കൊടുത്തിട്ടുണ്ടാകാം, കുട്ടികളുടെ വിദേശ വിദ്യാഭ്യാസം പകുതിവഴിയില്‍ അങ്ങനെ വലിയ ചെലവുള്ള കാര്യങ്ങള്‍. ഇതൊന്നും തന്നെ പകുതിവഴിയില്‍ വെച്ച് നിര്‍ത്തുവാന്‍ പറ്റുന്നതല്ല. ഇങ്ങനെയൊക്കെ വരുവാതിരിക്കാന്‍ വേണ്ടിയാണ് ഫിനാന്‍ഷിയല്‍ കണ്സള്‍ട്ടന്റിന്റെ സഹായം തേടുന്നത്.
ചെയ്യേണ്ട കാര്യങ്ങള്‍:സാമ്പത്തിക കാര്യത്തില്‍ ആസൂത്രണവും (Financial Planning) സാമ്പത്തിക അച്ചടക്കവും (Financial Discipline) ശീലിക്കുക. നിങ്ങളുടെ സാമ്പത്തികസ്ഥിതിയുടെ ഒരു വിശദമായ അവലോകനം.സാമ്പത്തിക ആസ്തി, സാമ്പത്തികേതര ആസ്തി എന്ന രീതിയില്‍ വേര്‍തിരിക്കല്‍ (Financial & Non-Financial Assets)സാമ്പത്തികേതര ആസ്തി വേണ്ടി വന്നാല്‍ സാമ്പത്തിക ആസ്തിയായി മാറ്റുവാനുള്ള ഏകദേശ കാലയളവ്.ബാധ്യതയുടെ കണക്കുകള്‍. ഹൃസ്വകാല വായ്പകളും ദീര്‍ഘകാല വായ്പകളും വേര്‍തിരിക്കല്‍.കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് അടയ്ക്കാനുള്ള മാസത്തവണ, വീട്ടുചെലവ് എന്നിവയ്ക്ക് ഉള്ള തുക നീക്കിവയ്ക്കുക.സ്വന്തംപേരിലും,കുടുംബാംഗങ്ങളുടെ പേരിലും ഉടന്‍ തന്നെ ആരോഗ്യ പരിരക്ഷ (Health Insurance) എടുക്കുക.അതിനുശേഷം എത്ര മൂലധനം സംരംഭത്തിനു വേണ്ടി മുടക്കണമെന്ന് തീരുമാനിക്കുക.
സംരംഭത്തിലേക്ക് തിരിയുന്നവര്‍:ഉടമസ്ഥരുടെയോ, മുകളിലുള്ള ഉദ്യോഗസ്ഥരുടെയോ മാത്രം ആജ്ഞകള്‍ അനുസരിച്ച് ജോലിചെയ്ത് വന്നവര്‍ക്ക് സംരംഭം എന്നത് ഒരു പുതിയ വെല്ലുവിളിയുള്ള മേഖലയാണ്. സംരംഭകന്‍ ആകുമ്പോള്‍ നേരംപോക്കിനല്ല മറിച്ച് ചെയ്യുന്ന തൊഴിലിനോട് അഭിനിവേശം (passion) ഉണ്ടാകണം. തുടങ്ങി നോക്കി വിജയിച്ചില്ലെങ്കില്‍ തിരിച്ചു പ്രവസിയാകാം എന്ന മനോഭാവത്തോടെ സംരംഭകത്വത്തിലേക്ക് കടക്കാതിരിക്കുക. അവരവരുടെ കഴിവും താല്പര്യപ്പെടുന്ന മേഖലയും തിരഞ്ഞെടുക്കുക. ഇതിനെല്ലാം സംരംഭകത്വത്തിൽ ആശയരൂപീകരണം മുതല്‍ ആശയസഫലീകരണം വരെ കൈപിടിച്ചു പരിശീലനം നല്‍കുന്നവരുടെ വിദഗ്‌ദ്ധ സേവനം തേടുക.
സംസ്ഥാന സര്‍ക്കാര്‍ NORKA ROOTS വഴിയും (NDPREM – Norka Department Project for Returned Emigrants), അല്ലാതെ നേരിട്ടും, പല പൊതുമേഖലാ ബാങ്കുകളും, സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും, കേരളാ ബാങ്കും തിരിച്ചുവരുന്നവര്‍ക്കു സംരംഭം തുടങ്ങുന്നതിനുവേണ്ടി പലതരം പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
(ലേഖകന്‍ ഇന്ത്യയിലും വിദേശത്തും മുന്‍ ബാങ്ക് ഉദ്യോഗസ്ഥനനും, സംരംഭകത്വത്തിലും, സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനം ലഭ്യമാക്കുന്ന സെഞ്ചൂറിയന്‍ ഫിന്‍ടെക്കിന്‌റെ ബിസ്സിനസ് ഡയറക്ടറാണ്.)