കർമ്മണ്യേ വാധികാരസ്തേ.. .. P2P വായ്പാ വേദി.
കലിയുഗത്തിൽ പുണ്യ പാപ കർമ്മങ്ങളുടെ ഫലങ്ങൾ അപ്പപ്പോൾ തന്നെ അനുഭവിക്കുമാറ് ഭഗവൽ സങ്കൽപം. കൃപാലുവായ ഭഗവാൻ ഒരു സൌകര്യം അനുവദിച്ചു. പുണ്യ കർമ്മ ഫലങ്ങൾ ശീഘ്രം അനുഭവിക്കാം, പാപ കർമ്മ ഫലങ്ങൾ വൈകി അനുഭവിക്കാം. ഫലത്തിൽ ഇച്ഛയില്ലാതെ അനുവർത്തിക്കുന്ന കർമ്മം നിഷ്കാമ കർമ്മം. അതു മാത്രം മോക്ഷത്തിലേക്കുള്ള മാർഗ്ഗം.
വായ്പാ ദാതാവിനേയും വായ്പാ ഭോക്താവിനേയും പിടുപി വേദി നിഷ്കാമ രൂപേണ വിർച്വൽ ആയി കൂട്ടി മുട്ടിക്കുന്നു. പണം ഇടപാടുകൾ അടക്കം എല്ലാ പ്രക്രിയകളും ഡിജിറ്റൽ ആയി മാത്രം വിഭാവനം ചെയ്തിട്ടുള്ള വൈരാഗ്യമായ ( indifferent) വേദി.
ആർബിഐ 2017 ഒക്ടോബർ 4ന് ഇറക്കിയ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടു് 2 കോടിയിൽ കുറയാത്ത മൂലധനം ഉള്ള എൻബിഎഫ്സി റജിസ്ട്രേഷൻ എടുത്ത കമ്പനികൾക്ക് പിടുപി വേദി തുടങ്ങാവുന്നതാണ്. ഇതിൽ വിദേശ ഇന്ത്യാക്കാരുടെ മുതൽമുടക്കോ പണം ഇടപാടുകളോ പാടില്ല. പിടുപി വേദി ഒരുക്കുന്ന കമ്പനി പുറമെ നിന്നും നിക്ഷേപം സ്വീകരിക്കരുത്. വേദി വഴി വിനിമയം ചെയ്യപ്പെടുന്ന വായ്പകൾക്ക് ഗ്യാരണ്ടി നൽകരുത്. വായ്പകൾ എല്ലാം ക്ളീൻ അടിസ്ഥാനത്തിൽ ആയിരിക്കണം. മറ്റു ഈടുകൾ ഒന്നും സെക്യൂരിറ്റി ആയി ആവശ്യപ്പെടരുത്. വായ്പയുടെ നഷ്ട സാദ്ധ്യത പരിമിതപ്പെടുത്തുന്ന ഇൻഷൂറൻസ് പോളിസികൾ അല്ലാതെ മറ്റു യാതൊരു ഉപകരണങ്ങളും ക്രോസ് സെല്ലിംഗ് ചെയ്യുവാൻ പാടില്ല. പിടുപി വേദി ഒരുക്കുന്ന എൻബിഎഫ്സിയുടെ ലിവറേജ് അനുപാതം രണ്ടിൽ നിജപ്പെടുത്തിയിരിക്കുന്നു. അതായത് മൂലധനത്തിന്റെ രണ്ടു മടങ്ങു മാത്രമേ ബാദ്ധ്യതകൾ എടുക്കുവാൻ കമ്പനിക്ക് അനുവാദം ഉള്ളൂ.
വായ്പാ ദാതാക്കളുടെ പണം ട്രസ്റ്റി രൂപത്തിൽ എസ്ക്രോ സൌകര്യം ഒരുക്കി തരുന്ന ഒരു നിർദ്ദിഷ്ട ബാങ്ക് അക്കൌണ്ടിലും വായ്പാ ഭോക്താക്കളുടെ ഇടപാടുകൾ ഇതുപോലെ മറ്റൊരു എസ്ക്രോ അക്കൌണ്ടിലൂടെയും ഡിജിറ്റൽ രൂപത്തിൽ മാത്രമേ നടത്താവൂ. കാഷ് ഇടപാടുകൾ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
സിബിൽ, ഇക്വിഫാക്സ് പോലുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോകളിൽ പിടുപി കമ്പനികൾ നിർബന്ധമായും അംഗത്വം നേടിയിരിക്കണം. വായ്പാ ദാതാവിനും വായ്പാ ഭോക്താവിനും പാൻ നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണം.
ജലത്തിന്റെ നനവ് ഏൽക്കാതെ നിൽക്കുന്ന താമര ഇല പോലെ ദാതാവിനേയും ഭോക്താവിനേയും ഒന്നിച്ചു ചേരുവാൻ ഒരുക്കുന്ന ഒരു ഒരു നിസ്സംഗ വേദി മാത്രമാകുന്നു പിടുപി കമ്പനി. ഇതിനായി ഈടാക്കുന്ന ഫീസ് മാത്രമാണ് ഇവരുടെ വരുമാനം. വായ്പയുടെ പലിശ ഭോക്താവ് ദാതാവിനു നേരിട്ടു നൽകുന്നു. തവണകളിൽ ഭോക്താവ് വരുത്തിയേക്കാവുന്ന കുടിശ്ശിക ദാതാവ് വഹിക്കേണ്ടതാണ്. ഇതിന്റെ ഘടനാരീതിയെ താഴെ വിശദീകരിച്ചിരിക്കുന്നു.
മാ ഫലേഷു കദാചന.. .. പിടുപി വായ്പാ ദാതാവ്.
വ്യക്തിഗത ക്ളീൻ വായ്പകൾ നൽകുവാൻ താല്പര്യം ഉള്ള ദാതാവ് പരമാവധി 50 ലക്ഷം രൂപ പിടുപി വേദികളിൽ വാഗ്ദ്ധാനാം ചെയ്യാം. പത്തു ലക്ഷത്തിൽ കവിഞ്ഞ നിക്ഷേപം നൽകുന്നവർ തന്റെ മൊത്ത ആസ്തി അൻപതു ലക്ഷത്തിൽ കൂടുതൽ ആണെന്നു സാക്ഷ്യപ്പെടുത്തുന്ന ചാർട്ടേർഡ് അക്കൌണ്ടന്റിന്റെ സർട്ടിഫിക്കറ്റ് നൽകണം. ഒരു ദാതാവ് ഒരേ ഭോക്താവിനു പല വേദികളിലൂടെ പരമാവധി അൻപതിനായിരം രൂപയേ നൽകുവാൻ അനുവദിക്കുകയുള്ളു. നഷ്ടസാദ്ധ്യത ദാതാക്കൾ പങ്കിടുക എന്ന ലക്ഷ്യത്തോടെ ഒരു ഭോക്താവിന്റെ വായ്പയിൽ പല ദാതാക്കളുടെയും നിക്ഷേപം കൂട്ടിച്ചേർത്തിയായിരിക്തും വായ്പാ അനുവാദം പൂർണ്ണമാക്കുക. വായ്പയുടെ പരമാവധി കാലാവധി 36 മാസം ആയിരിക്കും. ദാതാവിന്റെ പണം ഒരു ബാങ്ക് നടത്തുന്ന ട്രസ്റ്റിന്റെ എസ്ക്രോ അക്കൌണ്ട് വഴി മാത്രമേ വിനിമയം ചെയ്യപ്പെടുകയുള്ളു.
വ്യക്തികളെ കൂടാതെ രജിസ്റ്റേർഡ് എൻബിഎഫ്സികൾക്കും ദാതാവായി ഈ വേദി ഉപയോഗിക്കാം. ഓരോ ദാതാവും പിടുപി വേദിക്ക് രജിസ്ട്രേഷൻ ഫീസും പാൻ, ഇ മെയിൽ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും നൽകി കെവൈസി കാര്യക്ഷമത കൈവരിക്കണം. അതിനു ശേഷം ഏതു ഭോക്താവിനു വായ്പ അനുവദിക്കണം എന്ന തീരുമാനം ദാതാവ് സ്വന്തമായി എടുക്കേണ്ടതാണ്. അതിനെ തുടർന്നു പണം ഭോക്താവിന്റെ അക്കൌണ്ടിലേക്ക് വരവു വെക്കപ്പെടുന്നു. വായ്പ തിരിച്ചടവിൽ കുടിശ്ശിക വന്നാൽ ദാതാവ് പിരിച്ചെടുക്കാനുള്ള നടപടികൾ സീകരിക്കാവുന്നതാണ്. അതിനായുള്ള സഹായം പിടുപി വേദികൾ ഒരുക്കി കൊടുക്കാവുന്നതാണ്. അതിന്റെ ചിലവ് ദാതാവ് വഹിക്കേണ്ടതാണ്.
വായ്പയുടെ പലിശ നിരക്കിന്റെ തോത് 12 മുതൽ 21 ശതമാനം വരെ എന്നു ചില കമ്പനികൾ സൂചിപ്പിക്കുന്നു. മറ്റു ചിലർ 28 വരെയും ഈടാക്കുന്നുണ്ട്. ദാതാവിനു ലഭിക്കുന്ന പലിശ വരുമാനത്തിൽ ടിഡിഎസ് നടപ്പാക്കുന്നതായി അറിവില്ല. ഭോക്താക്കളെ പിടുപി വേദി എ മുതൽ എഫ് വരെ ഉള്ള ക്രെഡിറ്റ് സ്കോറിങ്ങിൽ തരം തിരിച്ചിട്ടുണ്ടാവും. ദാതാവിനു കൂടുതൽ പലിശ ആഗ്രഹം എങ്കിൽ നഷ്ടസാദ്ധ്യത കൂടുതൽ സൂചിപ്പിക്കുന്ന എഫ് ഭോക്താക്കളെ സമീപിക്കണം. കുറഞ്ഞ പലിശ മതി എന്ന സൽകർമ്മ ഉദ്ദേശ്യം ഉള്ളവർക്ക് സൽഫലവും വേഗം ലഭിക്കും. ഭോക്താവ് വായ്പ നേരത്തേ തിരിച്ചു അടയ്ക്കുവാനുള്ള സാദ്ധ്യത അധികരിക്കുന്നു. കൂടുതൽ പലിശ ആഗ്രഹിക്കുന്ന സദുദ്ദേശം കുറഞ്ഞ കർമ്മത്തിന്റെ തിൻഫലം വൈകി അനുഭവിച്ചാൽ മതി. കാലാവധിക്കു ശേഷവും തവണകളുടെ തിരിച്ചടവ് നീണ്ടു പോകുവാനുള്ള സാദ്ധ്യത കൂടുതലാണ്.
മാ കർമ്മ ഹേതുർ ഭൂഃ.. .. പിടുപി വായ്പ ഭോക്താവ്.
പരിചയം ഉളള പല വാതിലുകളും അടയുമ്പോൾ ഈടൊന്നും നൽകാതെ, ദാതാവിനെ നേരിട്ടു കാണുകയും ചെയ്യാതെ വായ്പ എടുക്കുവാൻ സഹായിക്കുന്ന ഒരു വേദിയാണ് പിടുപി കമ്പനി. ഭോക്താവിനു പാൻ നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണം. വ്യത്യസ്ത കമ്പനികളുടെ മാനദണ്ഡം അനുസരിച്ച് കുറഞ്ഞ വാർഷിക വരുമാനം രണ്ടു മുതൽ മൂന്നു ലക്ഷം രൂപ ഉണ്ടായിരിക്കണം. ഇ മെയിൽ, ഫോൺ നമ്പർ എന്നീ കെവൈസി അനുവർത്തിക്കുവാൻ ഉതകുന്ന വിവരങ്ങൾ കൈമാറണം. ഇതിനായി പിടുപി കമ്പനിക്ക് രജിസ്ട്രേഷൻ ചാർജും വായ്പയുടെ 3 – 4 ശതമാനം ഫീസും വേദി ഒരുക്കുന്നതിനായുള്ള സേവന ചിലവായി നൽകണം.
ബാങ്ക് സ്റ്റേറ്റ്മെന്റ്, മടങ്ങിയ ചെക്കുകൾ, ഫോൺ, കറന്റ് ബിൽ അടയ്ക്കുന്നതിലുള്ള ശുഷ്കാന്തി, ക്രെഡിറ്റ് കാർഡിലൂടെയുള്ള ചിലവും അവ തിരിച്ചടയ്ക്കുന്നതിലുള്ള കാലതാമസം, സ്വന്തമായോ വാടകയിലോ ഉള്ള താമസം, സിബിൽ സ്കോർ, സമൂഹ മാദ്ധ്യമങ്ങളിലെ സാന്നിദ്ധ്യം എന്നു തുടങ്ങി നൂറിലുമധികം മാനദണ്ഡങ്ങൾ കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ വിശകലനം ചെയ്ത് ഉരുത്തിരിയുന്ന ക്രെഡിറ്റ് സ്കോർ പിടുപി കമ്പനി അവരുടെ വേദിയിൽ ദാതാക്കൾക്കു ദർശിക്ക തക്ക രീതിയിൽ പരസ്യമാക്കും. ഈ സ്കോറിന്റെ അടിസ്ഥാനത്തിൽ ആണ് ഭോക്താവിനു എന്തു പലിശ നിരക്കിൽ വായ്പ ലഭ്യമാകും എന്നുള്ള സൂചന ലഭിക്കുക. ദാതാവും ഈ സ്കോറിന്റെ അടിസ്ഥാനത്തിൽ ഭോക്താവിനെ തിരഞ്ഞെടുക്കുന്നു. സംഖ്യയും തീയ്യതിയും പൂരിപ്പിക്കാത്ത മൂന്നു ചെക്കുകൾ ഭോക്താവ് പിടുപി കമ്പനിക്ക് കൈമാറണം. വായ്പക്കുള്ള ധാരണാ പത്രം ഡിജിറ്റൽ ആയി തന്നെ സമർപ്പിക്കാവുന്നതാണ്.
ഒരു ഭോക്താവിനു പല വേദികളിലൂടെ പരമാവധി പത്തു ലക്ഷം രൂപയേ പിടുപി വായ്പയായി അനുവദിക്കൂ. പലിശ നിരക്ക് ക്രെഡിറ്റ് സ്കോറിന് അനുസൃതമായി 12 ശതമാനം മുതൽ മുകളിലോട്ട് നൽകണം.
By Ramesh Krishnan, Senior Consultant Xenturion Fintec, A Senior Banker and Columnist.