പ്രവാസികളുടെ അനുഭവ സമ്പത്ത് ബിസിനസാക്കി മാറ്റാം

കാലങ്ങളായി വിദേശത്ത് കഴിഞ്ഞിരുന്ന മലയാളികൾ മടങ്ങിയെത്തുന്നത് വലിയൊരു അനുഭവസമ്പത്തുമായിട്ടാണ്. അവരുടെ അറിവും പരിചയവും തൊഴിൽ സംസ്കാരവും ഇനിയുള്ള നാളുകളിൽ കേരളത്തിന്‌ ഒരു മുതൽക്കൂട്ടാവും. ചരക്കുനീക്കം, ശുചിത്വപാലനം, വേസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഇവരുടെ പ്രാവീണ്യം ഉപകാരപ്പെടും. ചരക്കുകൾ കൈകാര്യം ചെയ്യുന്നതിന് ഫെഡെക്സും ബ്ലൂഡാർട്ടും മാത്രമല്ല, ലോക്കൽ സിറ്റി / ഇന്റർസിറ്റി ചരക്കുനീക്കത്തിനും വളരെയവസരമുണ്ട്. ബാംഗ്ലൂർ / മുംബൈ നഗരങ്ങളിൽ dunzo പോലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇതെത്തിയിട്ടില്ല. ഇരുചക്രവാഹനവും യാത്ര ചെയ്യാനുള്ള താല്പര്യവും ഉണ്ടെങ്കിൽ ദിവസേന 1000 രൂപ ഉണ്ടാക്കാനിതിലൂടെ സാധിക്കും.ഇങ്ങനെ കൈകാര്യംചെയ്യുന്ന സാധനങ്ങൾ ട്രാക്കു ചെയ്യാൻ സാധിക്കുന്ന സോഫ്റ്റ്‌വെയർ ഇന്ന് വിപണിയിൽ ലഭ്യമാണ്. Swiggy, Zomato, Big Basket, Amazon, Flipkart എന്നീ കമ്പനികളൊക്കെ ഈ മോഡലിൽ പ്രവർത്തിക്കുന്നതാണ്

ശുചിത്വ പാലനം

പൊതുസ്ഥലങ്ങൾ (ബീച്ച്,പാർക്ക്, ജലാശയങ്ങൾ, ബസ് സ്റ്റാൻഡുകൾ, പബ്ലിക് ടോയ് ലെറ്റുകൾ, ആശുപത്രികൾ, റോഡുകൾ) വൃത്തിയായും ശുചിയായും സൂക്ഷിക്കുന്നതിൽ നല്ലൊരു പങ്ക് വിദേശ മലയാളികൾക്ക് പ്രാവീണ്യമുണ്ട്.സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ഗ്രാമ പഞ്ചായത്തുൾപ്പടെയുള്ള് സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാം.

ആരോഗ്യപാലനം

ഡോക്ടർമാരും നഴ്‌സുമാരും അല്ലാത്ത ധാരാളം പാരമെഡിക്കൽ ജീവനക്കാർ വിദേശ മലയാളികളായിട്ടുണ്ട്. ഈയൊരു വിഭാഗത്തിന്റെ സേവനം നമുക്കിവിടെ വിപുലമായുപയോഗപ്പെടുത്താം. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഈ ആവശ്യം കൂടി വരികയാണ്. പ്രാവീണ്യമുള്ള ആരോഗ്യപ്രവർത്തകർക്ക് എന്നും ആവശ്യകത കൂടുതലുമാണ്

ഹൗസ്കീപ്പിങ്

ലോൺട്രി, ഇസ്തിരി, പ്ലംബിങ്, ഇലക്ട്രിക്കൽ, മേസ്തിരി, കാർപെന്ററി, പെയ്ന്റിങ്, വീട്ടുപകരണങ്ങളും അടുക്കളയുപകരണങ്ങളും വൃത്തിയാക്കുക, ഗാർഡനിങ്, ലാൻഡ്സ്കേപിങ് എന്നീ മേഖലകളിലെല്ലാം പ്രാവീണ്യം നേടിയിട്ടുള്ള ധാരാളം വിദേശ മലയാളികളുണ്ട്.മെട്രോ നഗരങ്ങളിൽ ഹൗസ്ജോയ് പോലുള്ള സേവനദാതാക്കൾ പ്രവർത്തിക്കുന്നുണ്ട്.

ഭക്ഷ്യ സേവനങ്ങൾ

ഇനി മുന്നോട്ട് സാമൂഹ്യ അകലം പാലിക്കൽ നമ്മുടെ ജീവിതചര്യയുടെ ഭാഗമാകാനിടയുള്ളതിനാൽ, പ്രാദേശികാടിസ്ഥാനത്തിൽ പാൽ, മുട്ട, തുടങ്ങി എളുപ്പം കേടാകാനിടയുള്ള ഭക്ഷ്യോത്പന്നങ്ങളുടെ സംഭരണവും, പാക്കിങും, വിതരണവും ഏറ്റെടുത്തു നടത്താൻ പാകത്തിനുള്ള ചെറുസംഘങ്ങളുടെ സാധ്യത തീർച്ചയായും ഏറിവരും.

എഞ്ചിനിയറിംഗ് സേവനങ്ങൾ

സ്വാശ്രയ സംഘങ്ങളുടെ മോഡലിൽ വിദേശത്തു നിന്ന് മടങ്ങിവരുന്ന എൻജിനിയർമാർ, ഇലക്ട്രീഷ്യന്മാർ, പ്ലംബർ മാർ, ഇലക്ട്രോണിക്സ് വിദഗ്ദ്ധർ തുടങ്ങിയവർ ചേർന്ന് ചെറുസംഘങ്ങൾ രൂപീകരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നും സ്വായത്തമാക്കിയ അനുഭവസമ്പത്തും അത്യാധുനിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പാടവവും ഉപയോഗപ്പെടുത്തി ഓൺലൈൻ ഉപഭോക്തൃ പിന്തുണാ പ്ലാറ്റ്ഫോം രൂപീകരിക്കാവുന്നതാണ്.

വിദേശ മലയാളി ജീവനക്കാരിൽ കുറേപ്പേരെങ്കിലും മാലിന്യ സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പിൽ പരിചയമുള്ളവരാണ്. ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഇന്നത്തെ സാഹചര്യത്തിൽ ഇത് അനിവാര്യമാണ്.ഇതുപോലെ വളരെ അടിസ്ഥാനപരമായ പല തൊഴിലുകളും മെച്ചപെട്ട ടെക്നോളജി ഉപയോഗിച്ച് നല്ല രീതിയിൽ നടത്തി പരിചയമുള്ളവരാണ് വിദേശ മലയാളികൾ. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ പ്രമുഖ പട്ടണങ്ങളിലും ധാരാളം അവസരങ്ങളുണ്ട് താനും. മലയാളികളുടെ കഴിവുകളും മികവും ഒരു പക്ഷെ കേരളം കാണാൻ പോവുന്നതേയുള്ളു… കൊറോണ അതിനൊരു വഴിയൊരുക്കുകയാണോ എന്ന് കാലം തെളിയിക്കട്ടെ

നമ്മുടെ മനസ്സാണ് പ്രധാനം അപകര്‍ഷതാബോധവും ദുരഭിമാനവും മാറ്റി വെക്കാമെങ്കിൽ കേരളത്തിൽ തന്നെ ധാരാളം അവസരങ്ങൾ ഇന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം കേരളത്തിൽ ജീവിക്കുന്ന ലക്ഷകണക്കിന് അന്യ സംസ്ഥാനക്കാരാണ്