സമ്പത്തു കാലത്ത് പത്തു ബാങ്ക് ബാലൻസ് ഉണ്ടാക്കിയാൽ

നെല്ല് കൊയ്താൽ പത്തായം നിറയ്ക്കും. പത്തായത്തിന്റെ മുകളിലുളള വ്യാപ്തം കൂടിയ വായയിലൂടെയാണ് നെല്ല് നിറയ്ക്കുക. നിത്യേന ആവശ്യത്തിനുള്ള നെല്ല് ചൊരിഞ്ഞ് എടുക്കുവാൻ പത്തായത്തിന്റെ താഴെ വ്യാപ്തം കുറഞ്ഞ ഒരു ദ്വാരം ഉണ്ട്. അടുത്ത വിളവിനിടയിൽ എന്തെങ്കിലും പണം മിച്ചം വരുമ്പോൾ സ്വർണ്ണം, വെള്ളി നാണയങ്ങൾ ഇതേ പത്തായത്തിനുള്ളിൽ അലക്ഷ്യമായി ഇടും. എന്നെങ്കിലും നെല്ലിന് ക്ഷാമം വരുമ്പോൾ പത്തായം കാലിയാകും. താഴത്തെ ദ്വാരത്തിലൂടെ അവസാനത്തെ നെല്ലും ചൊരിയുന്നതോടെ നാണയങ്ങൾ കയ്യിൽ തടയുവാൻ തുടങ്ങും. പഞ്ഞം കടക്കുവാൻ ഈ നാണയങ്ങൾ അവസരോചിതമായി ഉപയോഗപ്പെടും.

ഇത്രയും ലളിതമായ ഒരു പ്രക്രിയ വളരെ ഫലപ്രദമായി നമ്മുടെ രാഷ്ട്രവും ഉപയോഗിച്ചിട്ടുണ്ട്. ചന്ദ്രശേഖർ സർക്കാരിന്റെ പതനത്തിനു ശേഷം, ഒരു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ നമുക്ക് മൂന്ന് ആഴ്ചത്തേക്കുള്ള ഇറക്കുമതിക്ക് പോലും തികയാത്ത വിദേശ നാണ്യ ശേഖരമാണ് ഉണ്ടായിരുന്നത്. ഒരു സാമ്പത്തിക വീഴ്ചയിൽ നിന്നും രക്ഷ തേടുവാൻ 1991 മേയ് 21-31 കാലയളവിൽ 67 ടൺ സ്വർണ്ണം പണയം വെച്ച്, ഐഎംഎഫിൽ നിന്നും 220 കോടി ഡോളറിന്റെ വായ്പ എടുത്തു.

ഈ രണ്ട് ഉദാഹരണങ്ങളും ഒരു വ്യക്തിയുടെ ജീവിത കാലയളവിൽ ഒരിക്കൽ മാത്രം സംഭവിച്ചേക്കാവുന്നവയാണ്. ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും ഇതേ രൂപത്തിലുള്ളതാണ്.ആരും ഇതിന്റെ തീക്ഷ്ണത പ്രതീക്ഷിക്കാത്തതാണ്.

വൻ പ്രതിസന്ധി ജീവിതത്തിൽ ഉണ്ടാകാം

ഇവയിൽ നിന്നും നാം പഠിക്കേണ്ടതെന്താണ്? അപ്രതീക്ഷിതമായി , അപൂർവമായി വൻ പ്രതിസന്ധി ജീവിതത്തിൽ ഉണ്ടാകാം. അതിന്റെ ആഘാതം കനത്തതും ദൈർഘ്യം കൂടിയതും ആയിരിക്കും. അതുകൊണ്ട് അതിനെ അതിജീവിക്കുവാനുള്ള മുൻകരുതലുകൾ ജീവിതത്തിൽ നാം സ്വീകരിക്കേണ്ടതുണ്ട്.

ഒരു വ്യക്തിയായാലും കുടുംബമായാലും ബിസിനസ് ആയാലും കമ്പനി ആയാലും പടിപടിയായി നീക്കിയിരിപ്പ് കെട്ടിപ്പടുക്കണം. ഈ കരുതൽധനം തലയണക്കടിയിലെ പണമായും മെത്തയ്ക്കു കനം കൂട്ടുന്ന നോട്ടുകെട്ടുകളായും പടുത്തുയർത്തിയാൽ ഏറ്റവും നല്ലത്. പക്ഷേ, ഇന്നത്തെ സാഹചര്യത്തിൽ അത് പ്രാവർത്തികമാക്കുവാൻ ബുദ്ധിമുട്ട് ഉണ്ട്. സുരക്ഷിതത്വവും കുറയും. അതു കൊണ്ട് ഇത് ബാങ്ക് ബാലൻസായി സ്വരൂപിക്കുന്നത് ഉത്തമം.

അത്യാവശ്യത്തിനു പണമുണ്ടാകണം

ചിലപ്പോൾ ജീവിതത്തിൽ ഒരിക്കൽപോലും ഉപയോഗിക്കേണ്ടി വരാത്ത ഒരു സാങ്കല്പിക പ്രതിസന്ധിക്കു വേണ്ടി വരുമാനം തീരെ കുറഞ്ഞ ബാങ്ക് ബാലൻസ് അഭികാമ്യമാണോ എന്ന സംശയം തികച്ചും സ്വഭാവികം. ഭൂമി, സ്വർണ്ണം, ഓഹരികൾ, കച്ചവടത്തിലെ മുതൽക്കൂട്ട്..

ഇവയെല്ലാം ബാങ്ക് ബാലൻസിനേക്കാൾ വരുമാനം തന്നേക്കും. പക്ഷേ, അത്യാവശ്യം വരുമ്പോൾ ഇവ പണം ആക്കി മാറ്റുവാൻ വൻ നഷ്ടം വഹിക്കേണ്ടി വരും. ചിലപ്പോൾ വിറ്റു പണം ആക്കുവാൻ ചെല്ലുമ്പോൾ ആ വിപണി തന്നെ അപ്രത്യക്ഷമായിട്ടുണ്ടാകും.

ഒരു ബിസിനസുകാരൻ സ്വന്തം ആസ്തികളും തന്റെ കമ്പനിയുടെ ആസ്തികളും വേർതിരിച്ചു കാണുവാനും, കമ്പനിക്ക് കാലത്തിന് അതീതമായി, നിയമസാധുതയോടെ, മുന്നേറുവാനും ഉതകുന്ന “ഗോയിങ് കൺസേൺ” ഫലവത്താക്കുവാനുമാണ് കമ്പനി നിയമം അവലംബിക്കുന്നത്. അപ്പപ്പോഴായി കരുതൽധനത്തിലേക്ക് മാറ്റി വെക്കുന്ന ലാഭമിച്ചം എപ്പോൾ ആവശ്യമാകുമ്പോഴും വിനിയോഗിക്കുവാൻ ഉതകുന്ന രീതിയിൽ ബാങ്ക് ബാലൻസ് ആയി തന്നെ കരുതി വെയ്ക്കുകയും ചെയ്യുന്നു.

വളരെ ശക്തമായ നീക്കിയിരിപ്പ് സ്വരൂപിച്ചിട്ടുള്ള ഒരു കമ്പനിയാണ് ഹിന്ദുസ്ഥാൻ യൂണി ലീവർ. ഈ പ്രതിസന്ധിയിൽ അവർക്ക് ഒരു ചിലവും മാറ്റി വെക്കേണ്ടി വന്നിട്ടില്ല എന്നത് ഇതിന്റെ ദൃഷ്ടാന്തമാണ്.

പ്രതിസന്ധിയിൽ ഉരുത്തിരിയുന്ന പണപ്രതിസന്ധി ഒരു ആഗോള പ്രതിഭാസമാണ്. ഇത് ഒരു വ്യക്തിയിലോ, മേഖലയിലോ ഒതുങ്ങി നിൽക്കുന്നതല്ല. അതുകൊണ്ട്, പ്രവർത്തന മൂലധനത്തിലോ ഭൂമി പോലുള്ള ആസ്തികളിലോ വിനിയോഗിച്ചിരിക്കുന്ന നീക്കിയിരിപ്പ് ആവശ്യത്തിനു പണമാക്കി മാറ്റുവാൻ സാധിക്കുകയില്ല.

സമ്പത്തു കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്ത് കായ് നൂറ് പറിക്കാം (അതിമോഹം വർജ്ജിക്കണം) എന്ന പാഠം നാം പഠിച്ചാൽ നന്ന്.