കോവിഡ് 19- മോറട്ടോറിയത്തിനു പിന്നാലെ റിസർവ് ബാങ്ക് കൂടുതൽ വായ്പകൾ ലഭ്യമാക്കിയേക്കും
ലോക് ഡൗണിൽ ഏറ്റവും ക്ലേശിക്കുന്നത് ചെറുകിട, ഇടത്തരം വാണിജ്,യ വ്യവസായ സംരംഭങ്ങളാണ്. അവയ്ക്ക് വ്യവസായം മുന്നോട്ടു നടത്തിക്കൊണ്ടു പോകാനാവശ്യമായ cash flow യിൽ ഉണ്ടാകുന്ന കുറവ്, ദീർഘകാലത്തെ അടച്ചിടൽ മൂലം അസംസ്‌കൃത വസ്തുക്കളും മറ്റും പഴകിയ വകയിലുണ്ടാകാനിടയുള്ള നഷ്ടം, വിറ്റഴിക്കാനാകാതെ പോയ സ്റ്റോക്ക് മൂലമുള്ള നഷ്ടം തുടങ്ങി നേരിടേണ്ട ദുരിതങ്ങൾ നിരവധിയാണ്. അതിലേക്കായി, ലോക് ഡൗൺ കഴിഞ്ഞാലുടൻ യുദ്ധകാലാടിസ്ഥാനത്തിൽ ബാങ്കുകൾ ചെറുകിട, ഇടത്തരം വ്യവസായ സംരംഭകർക്ക് പ്രവർത്തന മൂലധനത്തിനായി വായ്പകൾ നൽകേണ്ടത് അനിവാര്യമാണ്.
ബാങ്കുകൾക്ക് ഇടപാടുകാരെ സഹായിക്കാനാകും
കുറഞ്ഞ പക്ഷം നിലവിലുള്ള പ്രവർത്തന മൂലധന വായ്പയുടെ 25% എങ്കിലും അധികമായി വർക്കിംഗ് ക്യാപിറ്റൽ ടേം ലോൺ പോലെയുള്ള വായ്പ പദ്ധതി ആവിഷ്‌ക്കരിക്കേണ്ടി വരും. ഇത്തരത്തിലുള്ള നീക്കത്തിന് ബാങ്കുകളെ പ്രാപ്തരാക്കാനും റിസർവ് ബാങ്ക് ലക്ഷ്യമിടുന്നു. കാരണം ഈ അക്കൗണ്ടുകളൊന്നും ഈ മൂന്നു മാസക്കാലത്ത് നിഷ്‌ക്രിയ ആസ്തികളാകില്ല. അതുകൊണ്ട് തന്നെ മെച്ചപ്പെടുത്തിയ വായ്പാ പരിധി നിശ്ചയിക്കുന്നതിനു ബാങ്കിനു സാങ്കേതിക തടസ്സങ്ങളും ഉണ്ടാവില്ല. ഓരോ ബാങ്കുകൾക്കും തങ്ങളുടെ ഇടപാടുകാരെ സമയോചിതമായി സഹായിക്കാനാകും വിധം പ്രവർത്തന മൂലധന വായ്പകളുടെ മാർജിൻ കുറയ്ക്കാം, പരമാവധി അനുവദനീയ വായ്പാ പരിധി പുനർ നിർണയിക്കാം, വായ്പാ നയങ്ങളിൽ മാറ്റം വരുത്താം. അങ്ങനെ ഈ വിഷമ വൃത്തത്തിൽ നിന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൈ പിടിച്ചുയർത്താനുള്ള യജ്ഞത്തിൽ പങ്കാളികളാകാം.
വായ്പകൾ എന്‍ പിഎ ആകാതെ സംരക്ഷിക്കാം
മോറട്ടോറിയം സ്വീകരിക്കാത്തവർക്ക് ഈ മരവിപ്പിക്കൽ ആനുകൂല്യം കിട്ടില്ല. അതുകൊണ്ട് തന്നെ വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വായ്പകൾ എൻപിഎ ആകും. പിന്നെ അധിക വായ്പയ്ക്കുള്ള അപേക്ഷ പോലും പരിഗണിക്കപ്പെടാതെ പോകാം. തിരിച്ചടവിനു പണം കണ്ടെത്താനാവില്ലെങ്കിൽ നിങ്ങളുടെ ബാങ്കിനെ സമീപിച്ച് ഇനിയും മോറട്ടോറിയത്തിനു അപേക്ഷ സ്വീകരിക്കുമോ എന്നാരായാവുന്നതാണ്. ബാങ്ക് അതിനു തയ്യാറായാൽ നിങ്ങൾക്ക് വായ്പകൾ എന്‍ പിഎ ആകാതെ സംരക്ഷിക്കാം.കൂടുതൽ വായ്പകൾ
നേടാനും കഴിയും
സിബിൽ സ്കോറിനെ ബാധിക്കില്ല
സമ്പദ് വ്യവസ്ഥയുടെ ചുക്കാൻ പിടിക്കുന്ന ബാങ്കുകൾ അവസരോചിതമായി ഉദാര സമീപനങ്ങൾ കൈക്കൊള്ളും എന്നു തന്നെ നമുക്കു പ്രത്യാശിക്കാം. തികച്ചും അസാധാരണമായ സാഹചര്യത്തിൽ റിസർവ് ബാങ്ക് അനുവദിച്ചിരിക്കുന്ന പുനഃക്രമീകരണമായതിനാൽ ഈ മാറ്റങ്ങൾ ഉപഭോക്താവിന്റെ സിബിൽ(CIBIL) സ്‌കോറിനെ പ്രതികൂലമായി ബാധിക്കില്ല എന്നതും ശ്രദ്ധേയമാണ്